<p>ചെറുകഥ-നോവൽ ശാഖയിലെ പതിനൊന്നു പ്രശസ്‌ത എഴുത്തുകാരുടെ സമ്പൂർണസാഹിത്യസംഭാവനകളും ജീവിതവും അനാവരണം ചെയ്യുന്ന അഭിമുഖങ്ങളുടെ സമാഹാരമാണി കൃതി. ഒരു എഴുത്തുകാരന്റെ രചനാലോകത്തെക്കുറിച്ചുള്ള സമഗ്രമായൊരു വിക്ഷണം ലക്ഷ്യമാക്കിയുള്ള ചോദ്യങ്ങളാണ് ഓരോ അഭിമുഖത്തിലും ഡോ. എം.ആർ. തമ്പാൻ പ്രയോഗിച്ചിരിക്കുന്നത്. എഴുത്തുകാരന്റെ ജിവിതത്തേയും കൃതികളേയും വിശദമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു തയ്യാറെടുപ്പ് ഇവക്ക് പിന്നിൽ തെളിഞ്ഞുകാണാം. മാധ്യമ അഭിമുഖങ്ങളിൽ സാധാരണമല്ലാത്ത ഈ സമഗ്ര സമീപനമാണ് ഈ അഭിമുഖങ്ങളെ അടിസ്ഥാനപരമായി വേറിട്ടു കാണിക്കുന്നത്. ഓരോ എഴുത്തുകാരനേയും കുറിച്ചുള്ള ആമുഖവിവരണത്തോടെയാണ് അഭിമുഖം ആരംഭിക്കുന്നത്. ഇത്തരം അഭിമുഖങ്ങൾ സാഹിത്യപഠനത്തിന് ഒഴിച്ചുകൂട്ടാനാകാത്തതാണെന്ന തിരിച്ചറിവിലേക്ക് നമ്മെ കൊണ്ടുപോകുന്നുണ്ടീ സമാഹാരം. അഭിമുഖങ്ങൾ എന്ന ഒരു ശാഖ മലയാളത്തിൽ വളർന്നുവരാൻ ഈ കൃതി പ്രചോദനമാകുമെന്ന് ആശിക്കുന്നു. സാഹിത്യകൗതുകികൾക്കും സാഹിത്യ വിദ്യാർത്ഥികൾക്കും അഭിമുഖങ്ങൾ മികച്ച ഒരു പ്രഭവമായി ഉപയോഗിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഈ സമാഹാരം.</p>