<p>നവോത്ഥാനകാലഘട്ടത്തിലെ ഉജ്ജ്വലമായ ഒരു അധ്യായമാണ് വൈക്കം സത്യാഗ്രഹം. അയിത്തത്തിന് എതിരായ, വഴിനടക്കാൻ സ്വാതന്ത്യ്രത്തിന് വേണ്ടിയുള്ള ഈ സമരചരിത്രം പലരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, അവയൊക്കെ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ടിട്ടുള്ളതാണ്. മാതൃഭൂമി ചീഫ് എഡിറ്ററും സമരനായകനുമായിരുന്ന കെ.പി. കേശവ മേനോന്റെ ഉപദേശനിർദേശങ്ങൾ സ്വീകരിച്ചുകൊണ്ടും അൻപത് വർഷം മുൻപ് ജീവിച്ചിരുന്ന സമരസേനാനികളെ അന്ന് നേരിൽക്കണ്ട് സംസാരിച്ചും നാലുവർഷത്തെ അശ്രാന്തപരിശ്രമങ്ങൾക്കൊടുവിൽ രചിക്കപ്പെട്ടതാണ്. "വൈക്കം സത്യാഗ്രഹം ഒരു ഇതിഹാസ സമരം" എന്ന ബ്രഹത്തായ ഈ ഗ്രന്ഥം. മഹാത്മാഗാന്ധി നേരിട്ട് നേതൃത്വം കൊടുത്ത് ഇരുപത് മാസക്കാലം നീണ്ടുനിന്ന വിജയകരമായി പര്യവസാനിച്ച വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ധിവേളയിലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. ചരിത്രവിദ്യാർത്ഥികൾക്കും ചരിത്രാന്വേഷകർക്കും ഗവേഷണതത്‌പരർക്കും വഴികാട്ടിയായിരിക്കും ഈ ഗ്രന്ഥം.</p>