<p>കെ എസ് രവിശങ്കറിന്റെ 'ഒളിമ്പിക്സും രാഷ്ട്രീയവും' എന്ന പുസ്തകം ഒളിമ്പിക്സിലെ രാഷ്ട്രീയ ഇടപെടലുകളുടെ നേർക്കാഴ്ചകളാണ് അനാവരണം ചെയ്യുന്നത്. നല്ല അടുക്കും ചിട്ടയുമായി രാഷ്ട്രീയ ഇടപെടലുകളുടെ ചുരുളഴിക്കുമ്പോൾ സൂക്ഷ്‌മദൃക്കായ ഒരു കായികചരിത്രകാരനെയാണ് നാം പരിചയപ്പെടുന്നത്. കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന യുവജനങ്ങൾക്ക് മാനുഷികമൂല്യങ്ങൾ പകർന്നുകൊടുത്ത്, ലോകത്തിൽ സമാധാനവും സഹവർത്തിത്വവും കൊണ്ടുവരിക എന്ന ഒളിമ്പിക് പ്രസ്ഥാനത്തിന്റെ സ്ഥാപിതലക്ഷ്യം രാഷ്ട്രീയ ഇടപെടലുകളിലൂടെ താറുമാറാക്കുന്നത് കാണുമ്പോൾ രവിശങ്കറിനൊപ്പം നാമും ഉത്കണ്ഠാകുലരാകും. സ്പോർട്സിനെ അഗാധമായി സ്നേഹിക്കുകയും എന്നാൽ, സ്ഥാനമാനങ്ങൾക്കു പിന്നാലെ പരക്കംപായാതെ സ്പോർട്സിന്റെ ഉന്നമനത്തിനുവേണ്ടി നിസ്വാർത്ഥം പ്രവർത്തിക്കുകയും ചെയ്യുന്ന രവിശങ്കറിനെപ്പോലുള്ള കായികപ്രേമികളാണ് സ്പോർട്‌സിന്റെ പ്രേരകശക്തി.</p>